ഒന്നൊഴിയാതെ എല്ലാ മഹാമാരികളും ആശങ്കകളും ആകുലതകളും അനിശ്ചിതത്വവും ഉരുവാക്കുന്നു. ഇക്കാര്യത്തിൽ കോവിഡ് 19 , നൂറ്റിരണ്ടു വർഷത്തിന് മുൻപത്തെ സ്പാനിഷ് ഫ്ലൂവിനെ കടത്തി വെട്ടുന്നു. കാരണം സാങ്കേതിക മുന്നേറ്റം കൊണ്ട് വിവരങ്ങൾ മുൻപത്തെ അപേക്ഷിച്ച് അപ്പപ്പോൾ നമുക്ക് കിട്ടുന്നു എന്നത് തന്നെ പ്രധാനമായും. കോവിഡ് കഴിഞ്ഞുള്ള നേഴ്സിങ്ങിന്റെ ഭാവി പലർക്കും ഒരു സമസ്യയാണ്, അല്ലെങ്കിൽ തുലാസ്സിലാണ്.
ഒരു രജത രേഖ
പക്ഷെ അത്രയും മോശമാണോ സ്ഥിതിഗതികൾ? ലോക ആരോഗ്യ ദിനത്തിൽ ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് ഒരു രജത രേഖയായി നമുക്ക് മുൻപിൽ ഉണ്ട്- ലോകത്തിനു അടിയന്തരമായി 60 ലക്ഷം നേഴ്‌സസിനെ കൂടുതൽ വേണം !
മറ്റൊന്ന് കൂടി ലോക ആരോഗ്യ സംഘടന പറഞ്ഞു- കോവിഡിന്റെ രണ്ടാമത്തെ അല ഏറെ മാരകമായിരിക്കും. അതായതു ആരോഗ്യമേഖലയിൽ വരാവുന്ന ആതുര മേഖലയിൽ ഉള്ളവരുടെ, പ്രത്യേകിച്ച് നഴ്സസിന്റെ ഗണ്യമായ കുറവ് നേരിടാൻ ഇപ്പോഴേ തയ്യാറെടുക്കണം. ഈ 60 ലക്ഷത്തിൽ ആൺ- പെൺ വ്യത്യാസം ഉണ്ടാവില്ല എന്നത് ശ്രദ്ധേയമായ കാര്യമാണ്. ഈ കുറവ് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രാഷ്ട്രങ്ങളിൽ ആണ് കൂടുതൽ പ്രതിഫലിക്കുക. ഈ വർഷത്തെ ലോകാരോഗ്യ ദിനം , കോവിഡ് 19 -നെ പിടിച്ചു കെട്ടാൻ ശ്രമിക്കുന്ന നേഴ്സസ് , മിഡ് വൈഫ് എന്നിവരെയാണ് മുഖ്യമായി ഉദ്ദേശിച്ചിട്ടുള്ളത്. WHO -യുടെ ശ്രദ്ധ നഴ്സിംഗ് പഠനത്തിന്റെ ഊന്നലിലാണ് .
എണ്ണത്തിലും കാര്യക്ഷമതയിലും മുന്നേറുന്നുണ്ടെങ്കിലും നഴ്സിംഗ് മേഖലയുടെ വളർച്ച, തീരെ പോരാ. 2030 ആകുമ്പോഴേക്കും 60 ലക്ഷം പുതിയ നഴ്സിംഗ് ജോലികൾ സൃഷ്ടിക്കുക അത്ര എളുപ്പമല്ല. ഇന്ന് ഏകദേശം 279 ലക്ഷം നേഴ്സസ് ലോകമെമ്പാടും ആയി ഉണ്ട്. 2013-നും 2018 -നും ഇടയിൽ മാത്രം കൂടിയത് 47 ലക്ഷം പേർ . ഇവരിൽ 80 ശതമാനവും ലോകത്തിന്റെ പകുതിയിലേറെ ജനസംഖ്യയുള്ള രാജ്യങ്ങളിലാണ് എന്നത് ഒരു വിരോധാഭാസം ആവാം. സാമ്പത്തികമായി പിന്നിലുള്ള രാജ്യങ്ങളിൽ ജനസംഖ്യക്കു ആനുപാതികമായി ഈ മേഖലയിൽ വളർച്ച ഇല്ല. ഇവിടെ ഇന്ത്യയിൽ മാത്രം 53 ലക്ഷം നഴ്സസ് വേണം.
WHO യുടെ പ്രധാന നിർദേശങ്ങൾ
1 .വർഷാവർഷം ശരാശരി 8 % ബിരുദധാരികളായ നേഴ്സ സിന്റെ എണ്ണം കൂട്ടുക.
2 .അവർക്കു നല്ല വേതനവും തൊഴിൽ സ്ഥിരതയും ഉറപ്പാക്കുക
3 .സാമൂഹ്യ അംഗീകാരം, ലിംഗ വിവേചനമില്ലാത്ത വേതനം , ഉയരാനുള്ള അവസരം എന്നിവ ഉറപ്പാക്കുക.
191 രാജ്യങ്ങൾ പങ്കെടുത്ത ഈ റിപ്പോർട്ട് അനുസരിച്ചു, ‘നഴ്സസിന് നല്ല കാലം വരുന്നു ‘എന്നാണ് മനസ്സിലാക്കേണ്ടത്.
ചില്ലറ കല്ലുകടികൾ
കോവിഡ് -19, കുറെയേറെ കല്ലുകടികൾ ഈ ജോലിയിൽ സൃഷ്ടിച്ചു എന്ന കാര്യം മറന്നുകൂടാ. മൂവായിരിത്തലധികം ആരോഗ്യ പ്രവർത്തകർക്കു കോവിഡ് പിടിച്ചു ; അതിൽ കുറേപ്പേർ മരിച്ചു . രോഗ രഹസ്യം പുറത്തു വിട്ട ചിലർ ചൈനയിൽ ശിക്ഷിക്കപ്പെട്ടു . ഗുണമേന്മയില്ലാത്ത PPE , മാസ്ക് , കണ്ണട എന്നിവയാണ് പലർക്കും കിട്ടിയത് . അവർക്കു ചികിത്സയും അവധിയും നിഷേധിക്കപ്പെട്ടു. പക്ഷെ ഈ കല്ലുകടി എല്ലാം ഏതാണ്ട് എല്ലാം തരണം ചെയ്തു എന്ന് തന്നെ പറയാം. ഇത് പുതുതായി ഈ സേവന മേഖലയിൽ വരാൻ ഉദ്ദേശിക്കുന്നവർക്ക് ഒരു പ്രതിബന്ധമാവില്ല
ആഫ്രിക്ക, ദക്ഷിണ പൂർവ ഏഷ്യ, പൂർവ മെഡിറ്ററേനിയൻ രാജ്യങ്ങൾ , ലാറ്റിൻ അമേരിക്കയുടെ ചില ഭാഗങ്ങൾ എന്നിവയാണ് നേഴ്സ് ദൗർലഭ്യം കൂടുതൽ അനുഭവപ്പെടുന്നതു. സേവന മനസ്കരായ സ്ത്രീകൾക്കും പുരുഷന്മാർക്കും ചേർന്ന തൊഴിൽ മേഖലയാണിത് എന്ന് നിസ്സംശയം പറയാം.
ഒരു നഴ്സിന്റെ അനുഭവ പാഠം അഥവാ സാക്ഷി പത്രം
താങ്ങാനാവുന്നതിനപ്പുറം കോവിഡ് രോഗികൾ എത്തിയാൽ ആതുര ശുശ്രൂഷയിൽ ഉള്ളവരുടെ മാനസികാവസ്ഥ എങ്ങനെ ആയിരിക്കും? അമേരിക്കയിലെ ഒരു നഴ്സിംഗ് മേട്രൺ ഡോക്ടർ മറിയ ഗ്ലാസ്ഗോ പറയുന്നതു കേൾക്കാം .
“മഹാ മാരിയുടെ സമയത്തു അവസരത്തിനൊത്തു ഉയർന്ന നഴ്സസിനെ ഞാൻ കണ്ടു. അവരുടെ ആൽമ ധൈര്യം നാം കണ്ടറിഞ്ഞു. പരിമിതമായ സൗകര്യങ്ങളിൽ അവർ രോഗികൾക്ക് ആശ്വാസം പകർന്നു.” 60 ശതമാനത്തിലേറെ നഴ്സസ് ആശുപത്രിയിലാണ് ജോലിനോക്കുന്നതെങ്കിലും അതിൽ 15 ശതമാനമേ ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ ഉണ്ടാവൂ. നഴ്സിംഗ് വിദ്യാർഥികൾക്ക് കൂടുതൽ ക്ലിനിക്കൽ പരിശീലനം നൽകണം. സാമ്പത്തിക തകർച്ചയിലും പിടിച്ചു നിൽക്കുന്ന ഒരു തൊഴിലാണ് നഴ്സിംഗ്.
കോവിഡ് കാലത്തു പ്രത്യേകിച്ചും ഇന്ത്യയിലെ നഴ്സസിന്റെ കുറവ് അലോസരപ്പെടുത്തുന്നതാണ്. പല ഇന്ത്യൻ ആതുരസേവനദാദാക്കളും പാശ്ചാത്യ രാജ്യങ്ങളിൽ ജോ ലി നോക്കുന്നു എന്നതും അവർക്കു താരതമ്യേന കൂടുതൽ വേതനവും ആനുകൂല്യങ്ങളും ലഭിക്കുന്നു എന്നതും ശരിയാണെങ്കിലും.
ചില പ്രായോഗിക നടപടികൾ , നിർദേശങ്ങൾ .
- നിങ്ങൾക്കും സേവന നിരതരാകാം !
ആതുര സേവാ മേഖലയിൽ നിങ്ങൾക്കും പങ്കാളികളാവാം . നി ങ്ങ ളുടെ സഹജീവികളുടെ ജീവൻ രക്ഷിക്കാം . ഒപ്പം നിങ്ങളുടെ വ്യക്തി മുദ്ര പതിപ്പിക്കാനാവും.
- ലോകത്തിനു നിങ്ങളെ ആവശ്യമുണ്ട് !
ഈ മഹാമാരിക്കാലത്തും അത് കഴിഞ്ഞാലും ലോകമെമ്പാടും കൂടുതൽ നഴ്സസ് വേണം. സേവന വ്യവസ്ഥകൾ ഏറെ മെച്ചപ്പെട്ടതായിരിക്കും . സ്ഥിരമായ തൊഴിൽ ഏകുന്ന, കഴിഞ്ഞ എല്ലാ സാമ്പത്തിക മാന്ദ്യങ്ങളേയും അതിജീവിച്ച മേഖലയായിരിക്കും ഇത്.
3 . ഗവണ്മെന്റ് നഴ്സിംഗ് മേഖലയെ കൂടുതൽ പ്രോത്സാഹിപ്പിക്കും .
ആതുര സേവന മേഖല ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത WHO യും സർക്കാരുകളും, പൊതു ജനങ്ങളും മനസ്സിലാക്കി തുടങ്ങി.
4 . നഴ്സിംഗ് കോഴ്സിന്റെ പ്രവേശന നിബന്ധനകളിൽ ഇളവ്.
കോവിഡിന്റെ പശ്ചാത്തലത്തിൽ അമേരിക്കയിലെ പല നഴ്സിംഗ് കോളേജുകളും പ്രവേശന നിബന്ധനകളിൽ ഇളവ് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലും ഇത് താമസിയാതെ പ്രതീക്ഷിക്കാം.
നൈപുണ്യ വികസനം , ഒരു വെല്ലുവിളി
ഈ മേഖലയിൽ പയറ്റിത്തെളിഞ്ഞ രീതിയിൽ നിന്ന് വ്യത്യസ്ഥമായി പലതും ചെയ്യുവാനുണ്ട്. ഉദാഹരണത്തിന് വരും കാലത്തു ടെലി മെഡിസിനിൽ പ്രാവീണ്യം നിർബന്ധമായേക്കാം . ഉദാഹരണത്തിന് താഴെ പറയുന്ന സ്പെഷ്യലൈസേഷൻ കൂടുതൽ വ്യാപിക്കും .
- നവജാതു ശിശു പരിപാലനം (നിയോ നാറ്റൽ )
- കാർഡിയോ
- ഹെമറ്റോളജി
- നഴ്സിംഗ് അസിസ്റ്റന്റ്
- ഐ സി യൂ
- വൃദ്ധജന പരിപാലനം ( ജെറിയാട്രിക്‌സ്)
- പകർച്ചവ്യാധി ചികിത്സ
- സമൂഹ ചികിത്സ (കമ്മ്യൂണിറ്റി ഹെൽത്ത്)
- മാനസികാരോഗ്യം
- ക്വാറന്റൈൻ
- മിഡ്‌വൈഫറി
ഇനി എന്ത്?
കോവിഡ് 19 കഴിഞ്ഞുള്ള നേഴ്സിങ്ങിന്റെ ഭാവി തികച്ചും ആശാവഹമാണ്.
പക്ഷെ അവരുടെ വേതനനിരക്കു, മറ്റുരാജ്യങ്ങളോട് കിട പിടിക്കണം, എങ്കിലേ കുടിയേറ്റം തടയാനാവൂ. ഇന്ത്യയിലെ കിടക്കളുടെ എണ്ണവും രോഗിയും നഴ്സും തമ്മിലുള്ള അനുപാതവും തുലോം ശോചനീയമാണ്. അത് കുറെയെങ്കിലും ലോകോത്തര നിലവാരത്തിലെത്തിക്കാൻ സർക്കാർ ഇടപെടൽ കൂടിയേ തീരൂ. മാനസികവും ശാരീരികവും ആയ ക്ഷീണം അവരെ തളർത്തരുത്. സാമൂഹ്യമായി ഇപ്പോഴുള്ള അകൽച്ച , നിന്ദ എന്നിവ കുറച്ചേ തീരൂ.
WHO , 2020 നഴ്സിന്റെ വർഷമായി തിരഞ്ഞെടുത്തു. ആതുര സേവനത്തിന്റെ മകുടോദാഹരണമായ ‘വിളക്കേന്തിയ മാലാഖ ‘ ആയ ഫ്ലോറെൻസ് നെറ്റിൻഗേലിന്റെ ഇരുന്നൂറാം ജന്മ ദിനമായിരുന്നു മെയ് 12 . ഈ വർഷത്തിൽ ലിംഗഭേദമെന്യ കൂടുതൽ ചെറുപ്പ ക്കാർ ഈ സേവനമേഖലയിലേക്കു വരണം. ഭാവി പ്രകാശപൂരിതമാണ്.
അതെ ഞങ്ങൾ ഓക്കേയാണ്.
നഴ്സിംഗ് ടൈം എന്ന സംഘടന ഒരു പുതു സംരംഭം തുടങ്ങി. നഴ്സസിനു മാനസികമായ താങ്ങു നൽകുന്നതിനായി . ‘കോവിഡ് 19 . നിങ്ങൾ ഓക്കേയാണോ ? (Are you OK )’
നമുക്ക് ഒത്തൊരുമിച്ചു പറയാം . ‘അതെ ഞങ്ങൾ ഓക്കേയാണ്’.